ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ 63 സീറ്റ് കുറഞ്ഞു; കോണ്‍ഗ്രസിനും എസ്.പിക്കും വൻ മുന്നേറ്റം

ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 63 സീറ്റുകള്‍ കുറഞ്ഞു.

കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂല്‍ കോണ്‍ഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികള്‍ തകർന്നടിഞ്ഞു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് മേനി നടിക്കാൻ ബി.ജെ.പിക്കാവില്ല. 2019ല്‍ 303 സീറ്റുകള്‍ നേടിയ അവർക്ക് ഇത്തവണ ലഭിച്ചത് 240 മാത്രം. യു.പിയിലെ ഉറച്ച മണ്ണില്‍ കാലിടറിയതാണ് ബി.ജെ.പിക്ക് വിനയായത്. കഴിഞ്ഞ തവണ വെറും 52 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ സെഞ്ചുറിക്കടുത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് സമാജ്‌വാദി പാർട്ടി നടത്തിയത്. യു.പിയില്‍ 37 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2004 ല്‍ 35 സീറ്റ് നേടിയതാണ് ഇതിന് മുമ്ബത്തെ മികച്ച നേട്ടം. 29 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ തവണത്തേതിലും ഏഴു സീറ്റ് അധികമാണിത്. തമിഴ്‌നാട്ടില്‍ 22 സീറ്റ് നേടി ഡി.എം.കെ. പ്രകടനം ആവർത്തിച്ചു.

തെലുങ്ക് ദേശം പാർട്ടി 16ഉം ജെ.ഡി.യു 12ഉം സീറ്റുകളിലാണ് വിജയിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനാ ഉദ്ധവ് വിഭാഗത്തിന് ഒമ്ബത് സീറ്റും ഷിൻഡെ വിഭാഗത്തിന് ഏഴ് സീറ്റും ലഭിച്ചു. ശരത് പവാറിന്റെ എൻ.സി.പിക്ക് ഏഴ് സീറ്റ് കിട്ടിയപ്പോള്‍ ഒരു സീറ്റ് നേടാനേ അജിത് പവാറിന് സാധിച്ചുള്ളു.

പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും മത്സരിച്ച ആംആദ്മി പാർട്ടിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റാണ്. സി.പി.എം കഴിഞ്ഞ തവണത്തേതില്‍നിന്ന് ഒന്നധികം നേടി സീറ്റ്‌നില നാലാക്കി. മുസ്‌ലിം ലീഗ് മൂന്നും സി.പി.ഐയും സി.പി.ഐ എം.എലും രണ്ടുവീതം സീറ്റുകളും നേടി. ബി.ആർ.എസ്., ബി.എസ്.പി ബി.ജെ.ഡി പാർട്ടികള്‍ സംപൂജ്യരായി.

Leave a Reply

Your email address will not be published. Required fields are marked *