‘പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായത്’;തിരുവനന്തപുരത്തെ പോരാട്ടത്തെക്കുറിച്ച്‌ തരൂര്‍

ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പർ ഓവർ പോലെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരം ഉണ്ടായതെന്നും അതില്‍ ജയിക്കാൻ കഴിഞ്ഞെന്നും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ.

പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായതെന്നും ശശി തരൂർ പറഞ്ഞു. അനന്തപുരിയിലെ ജനങ്ങള്‍ മൂന്ന് തവണ നല്‍കിയ വിശ്വാസം നാലാം തവണയും നല്‍കിയെന്നും അവർക്ക് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും തരൂർ പറഞ്ഞു.

തൃശൂരും തിരുവനന്തപുരത്തുമാണ് ബി ജെ പി ജയിക്കാൻ എല്ലാ ശ്രമവും നടത്തിയത്. തൃശൂരിലെ അവരുടെ മാർജിൻ കണ്ടിട്ടുവേണം തിരുവനന്തപുരത്തെ അളക്കാൻ. ഒരിടത്ത് അവർ‌ക്ക് വിജയിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ സ്ഥലത്ത് നമുക്ക് അവരെ തടയാൻ കഴിഞ്ഞത് തിരുവനന്തപുരത്തെ ജനങ്ങളുടെ വലിയ ഹൃദയവും മൂല്യങ്ങളും കാരണമാണ്. അവസാന റൗണ്ടില്‍ തീരദേശവും ഗ്രാമപ്രദേശങ്ങളും എണ്ണുമ്ബോള്‍ നേട്ടമാകുമെന്ന് അറിയാമായിരുന്നുവെന്നും തരൂർ പറഞ്ഞു.

ഇത്തവണയും യു ഡി എഫിന് തന്നെയാണ മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. ബി ജെ പി ആദ്യമായി അക്കൗണ്ട് തുറന്നു. എല്‍ ഡി എഫ് ഒരു സീറ്റില്‍ ഒതുങ്ങി. ലോക് സഭാ തിരഞ്ഞെടുപ്പിലെ വമ്ബൻ പരാജയത്തിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നു. പാർലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‌ അനുകൂലമായ ജനവിധിയാണ്‌ കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍ ഡി എഫിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചതെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു. ഒരു സീറ്റ്‌ പോലും പാർടിക്ക്‌ ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ്‌ പാർടി സ്വീകരിച്ചിട്ടുള്ളത്‌.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച്‌ തിരുത്തുന്ന പ്രവർത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ്‌ തുടർന്ന്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാൻ എല്‍ ഡി എഫിന്‌ സാധിച്ചത്‌ എന്നുംഅതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന്‌ തുടർഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായെന്നും സി പി എം വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *