സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതയേല്‍ക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്.
ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ലെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിൻ ബസ് എംവിഡി വീണ്ടും തടഞ്ഞ് പരിശോധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി വരുന്നത് ഈ മേഖലയ്ക്ക് ഒരു ഗുണമായി മാറും. ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കൂത്താട്ടവും അദ്ദേഹത്തിന്റെ അടുത്ത് നടക്കാതെ വരും. അത് മനസിലാക്കാൻ തലയ്ക്കകത്ത് ബോധമുള്ളയാളാണ് ഗണേഷ് കുമാര്‍’- റോബിൻ ഗിരീഷ് പറഞ്ഞു. റോബിൻ ബസ് റോഡിലിറങ്ങിയതോടെ തനിക്ക് 12 ലക്ഷത്തില്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നും ഗിരീഷ് പറയുന്നു. ചില മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നോട് കൈക്കൂലി ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘മറ്റ് റൂട്ടുകളിലേക്ക് സര്‍വീസ് നടത്താൻ നാല് വണ്ടികള്‍ റെഡിയായി നില്‍ക്കുകയാണ്. ഫീസ് അടയ്ക്കാനുള്ള സംവിധാനം തരുന്നില്ല ഇപ്പോഴും. ഫീസ് അടയ്ക്കാൻ കഴിഞ്ഞെങ്കില്‍ പമ്ബയുള്‍പ്പടെ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുമായിരുന്നു. എന്റെ ഈ പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്നത് സുഹൃത്തുക്കളാണ്’- റോബിൻ ഗിരീഷ് പറഞ്ഞു.
അതേസമയം, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ തടഞ്ഞ് ആര്‍ടിഒ. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് റോബിൻ ബസിനെ തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ടു നല്‍കി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതര്‍ തടയുന്നത്. പെര്‍മിറ്റ് ലംഘനത്തെതുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച ബസ് ഇന്നാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റര്‍ പിന്നീട്ട് മൈലപ്രയില്‍ എത്തിയപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.