കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്.
ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് അഞ്ജു മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചത്.
മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോള്‍ ഇത്രയും അത്‌ലെറ്റുകളുണ്ടായത്. ഇപ്പോഴത്തെ താരങ്ങളെ കാണുമ്ബോള്‍ അസൂയയാണ്. താനൊരു തെറ്റായ കാലത്താണു കളിച്ചതെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
ഇപ്പോഴത്തെ കായികതാരങ്ങളെ ആലോചിച്ച് അസൂയയാണ്. ഞാൻ കളിച്ചതൊരു തെറ്റായ കാലത്തായിരുന്നു. 25 വര്‍ഷത്തോളം ഞാൻ കായികരംഗത്തുണ്ടായിരുന്നു. അന്നും ഇന്നും നോക്കുമ്ബോള്‍ ഒരുപാട് മാറ്റങ്ങള്‍ കാണാനാകുന്നുണ്ട്.
20 വര്‍ഷം മുൻപ് ഞാൻ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡല്‍ സമ്മാനിക്കുമ്ബോള്‍ എന്റെ വകുപ്പ് പോലും എനിക്ക് സ്ഥാനക്കയറ്റം തരാൻ ഒരുക്കമായിരുന്നില്ല. എന്നാല്‍, നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ അതിലൊക്കെ മാറ്റങ്ങള്‍ കാണുന്നു.
സ്ത്രീശാക്തീകരണം ഇപ്പോള്‍ വെറും വാക്കോ വര്‍ത്തമാനമോ അല്ല. മുഴുവൻ ഇന്ത്യൻ പെണ്‍കുട്ടികളും സ്വപ്‌നം കാണുകയാണിപ്പോള്‍. അതൊരിക്കല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ക്ക് അറിയാം.
2036ലെ ഒളിമ്ബിക്സിന് ആതിഥ്യംവഹിക്കാൻ രാജ്യം ഒരുക്കമാണെന്നു താങ്കള്‍ പ്രഖ്യാപിച്ചത് ഒരു സ്വപ്‌നസാഫല്യം പോലെയാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നമ്മള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും അഞ്ജു ബോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.