മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ ദേശാഭിമാനി

ക്ഷേമപെൻഷൻ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ സിപിഐഎം മുഖപത്രം ദേശാഭിമാനി.

തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിൻസിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള്‍ പ്രിൻസി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് ഇന്നലെ മറിയക്കുട്ടി പ്രതികരിച്ചിരുന്നു.

പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്. സിപിഐഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഐഎം തയ്യാറാകണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഐഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച്‌ തെരുവില്‍ ഇറങ്ങിയതോടെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *