മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും മറ്റു പാർട്ടിക്കാർക്ക് പ്രവർത്തിക്കാൻ അവകാശമില്ലാത്ത സാഹചര്യമാണെന്നും മാടായി കോളേജിലെ നിയമനവിവാദം പ്രാദേശിക പ്രശ്നം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പിണറായി കോഴൂർ കനാല്‍ ക്കരയില്‍ സി.പി.എം പ്രവർത്തകരാല്‍ തകർക്കപെട്ട പ്രിയദർശിനി മന്ദിരം ആൻഡ് സി.വി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംങ് റൂം സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ചു എം.കെ. രാഘവൻ എം.പി തന്നോട് സംസാരിച്ചിരുന്നു. ഇന്ന് രാവിലെ പയ്യാമ്ബലം ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ വിഷയം ഉടൻ കെ.പി.സി.സി പരിഹരിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. താൻ പയ്യന്നൂരില്‍ പോകണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നല്ല, ആ വിചാരം അങ്ങ് കൈയ്യില്‍ വെച്ചാല്‍ മതി.
എം.വി ജയരാജൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാം പറഞ്ഞു. അദ്ദേഹത്തിന് മറുപടി പറയലല്ല തൻ്റെ പണിയെന്നും വി.ഡി സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പുന:സംഘടന തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ചർച്ചകള്‍ പാർട്ടിയില്‍ നടന്നതായി അറിയില്ല. മാധ്യമങ്ങള്‍ വെറുതെ വാർത്തകള്‍ കൊടുക്കുകയാണ് പാർട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. എന്നാല്‍ എല്ലാവർക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം കോണ്‍ഗ്രസിലുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നാട്ടില്‍ മറ്റു പാർട്ടിക്കാർക്ക് അവകാശം നല്‍കുന്നില്ല ഇതിൻ്റെ ഭാഗമായാണ് കനാല്‍ ക്കരയില്‍ കോണ്‍ഗ്രസ് മന്ദിരം കെ.പി.സി.സി പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യുന്ന ദിവസം തകർത്തത്. എന്നാല്‍ പാർട്ടി ഇതു ഗൗരവകരമായാണ് കാണുന്നത്. അതുകൊണ്ടാണ് താൻ സ്ഥലം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.