പീഡന കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം; രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ്, സംഭവം നടന്നിട്ട് 17 വര്‍ഷമമായി; അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍

പീഡന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

നേരത്തെ നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയാണ് കേസിലെ പരാതിക്കാരി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോന്‍ വാദിച്ചത്. കേസിലെ സാഹചര്യ തെളിവുകളും അനുകൂലമല്ലെന്ന് കണ്ടാണ് കോടതിയുടെ ഉത്തരവ്.

സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റില്‍ വെച്ച്‌ അതിക്രമിച്ചു എന്നാണ് നടി പരാതിയില്‍ ആരോപിച്ചത്.

നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതും. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച്‌ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 13 ാം തിയതി തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍കോളില്‍ പറഞ്ഞിരുന്നത്. ആ ഫോണ്‍ കോള്‍ കട്ട് ചെയ്തുവെന്നും ബാലചന്ദ്രമേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *