രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ നല്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കവേയാണ് രാഷ്ട്രപതിയുടെ പുതിയ പദ്ധതി പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്.
ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം രാജ്യത്ത് 55 കോടി ഗുണഭോക്താക്കള്‍ക്കാണ് സൗജന്യ ആരോഗ്യ സേവനം കേന്ദ്ര സര്‍ക്കാര്‍ നല്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ 25,000 ആകുന്നു. ഇതിനു പുറമേയാണ് 70നു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ സൗജന്യ ചികിത്സാനുകൂല്യങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, രാഷ്ട്രപതി വിശദീകരിച്ചു.
ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. രാജ്യത്തെ 12 കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ആശുപത്രിച്ചെലവുകള്‍ അനുവദിക്കുന്നതാണ് പദ്ധതി. എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കാണ് ഈ തുക കിട്ടുക.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി ഏപ്രിലില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലെത്തി മൂന്നാഴ്ചയ്ക്കകം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി. ആശുപത്രി വാസം, ചികിത്സ, ശസ്ത്രക്രിയകള്‍, മരുന്നുകള്‍ അടക്കം 1,929 മെഡിക്കല്‍ നടപടികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പ്പെടുത്തി സൗജന്യ ചികിത്സ നല്കുന്നുണ്ട്. പേപ്പര്‍രഹിത, പണരഹിത ചികിത്സ, പൊതു-സ്വകാര്യ ആശുപത്രികളിലുറപ്പാക്കാന്‍ പദ്ധതിക്കു സാധിക്കുന്നു. കീമോ തെറാപ്പിയടക്കം 50 തരം കാന്‍സര്‍ ചികിത്സകളും എല്ലാത്തരം സര്‍ജറികളും പദ്ധതിയിലുണ്ട്.