സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്നാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍.
പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേര്‍ക്കും. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്ത് വന്നാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്. എന്നാല്‍ പേരുമാറ്റാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നായതോടെയാണ് സംസ്ഥാനം നിലപാട് മാറ്റിയത്.
ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്‌ലൈനും ചേര്‍ക്കും. പേര് മാറ്റം നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദേശം. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് ചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.