സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടര്‍ച്ചയായി താഴേക്ക്

സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടര്‍ച്ചയായി താഴേക്ക്. നടപ്പു സാമ്ബത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഓണക്കാലമായ ആഗസ്റ്റില്‍ ഒഴികെ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈൻ, വിദേശ നിര്‍മ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വില്പന കുറഞ്ഞു.

കേരള ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്കോ) കണക്കുകളനുസരിച്ച്‌ ഒക്ടോബറില്‍ ഇന്ത്യൻ നിര്‍മ്മിത മദ്യത്തിന്റെ വില്പന 1321 കോടി രൂപയായാണ് കുറഞ്ഞത്. ഏപ്രിലില്‍ 1457.34 കോടിയുടെ വില്പനയുണ്ടായിരുന്നു. ഏഴു മാസത്തിനിടെ ബെവ്കോ 10058.75 കോടി രൂപയുടെ ഇന്ത്യൻ നിര്‍മ്മിത മദ്യമാണ് വിറ്റത്.

ഏപ്രിലില്‍ 171.08 കോടി രൂപയായിരുന്ന ബിയറിന്റെ വില്പന ഒക്ടോബറില്‍ 105.43 കോടിയായി. ആഗസ്റ്റ് ഒഴികെയുള്ള മാസങ്ങളില്‍ ബിയര്‍ വില്പനയിലും കടുത്ത മാന്ദ്യമായിരുന്നു. ഏപ്രിലുമായി താരതമ്യം ചെയ്താല്‍ ബിയറിന്റെ പ്രതിമാസ വില്പനയില്‍ 65.65 കോടിയുടെ കുറവുണ്ട്.

നികുതി 12 ശതമാനം കൂട്ടിയതോടെ വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്പനയും കുത്തനെ ഇടിഞ്ഞു. സെപ്തംബറിലെ 14.73 കോടിയില്‍ നിന്ന് ഒക്ടോബറില്‍ 9.85 കോടിയായി.

സാമ്ബത്തിക ഞെരുക്കം ബാധിക്കുന്നു

സംസ്ഥാനത്തെ സാമ്ബത്തിക മേഖലയില്‍ ദൃശ്യമാകുന്ന തളര്‍ച്ച മദ്യ വില്പനയെയും പ്രതികൂലമായി ബാധിച്ചു. ഉത്തരവാദിത്ത മദ്യപാനത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതും ഒരു ഘടകമാണ്. വ്യാജമദ്യ ലഭ്യത കൂടിയാലും സര്‍ക്കാരിന്റെ വില്പന കുറയാനിടയുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ഖജനാവിനും സമ്മര്‍ദ്ദം

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ മദ്യ വില്പനയിലെ തളര്‍ച്ച ഖജനാവിനും സമ്മര്‍ദ്ദം സൃഷ്ടിക്കും. മദ്യത്തിന് 240 ശതമാനത്തിലധികം നികുതിയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *