യാത്രക്കാരായ ദമ്ബതികളുടെ പരാതിയില്‍ ഇൻഡിഗോ എയര്‍ലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി. അവധിക്കാലം ആഘോഷിക്കാൻ പോര്‍ട്ട് ബ്ലെയറിലെത്തിയ ബംഗളൂരു ദമ്ബതികളാണ് ഇൻഡിഗോ എയര്‍ലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
പരിശോധിച്ച ലഗേജുകള്‍ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്ബതികള്‍ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്.
സിറ്റി ഉപഭോക്തൃ കോടതി അവര്‍ക്ക് അനുകൂലമായി വിധിക്കുകയും അസൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഇൻഡിഗോ എയര്‍ലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു.
2021 നവംബര്‍ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭര്‍ത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയത്. എന്നാല്‍ വസ്ത്രങ്ങള്‍, മരുന്നുകള്‍, ആൻഡമാനിലെ ബോട്ട് സവാരിക്കുള്ള ഫെറി ടിക്കറ്റുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങിയ ഇവരുടെ പരിശോധിച്ച ലഗേജുകള്‍ പോര്‍ട്ട് ബ്ലെയറില്‍ എത്തിയില്ല. ഉടൻ ഇൻഡിഗോയില്‍ പരാതി നല്‍കുകയും സ്വത്ത് ക്രമക്കേട് റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ദമ്ബതികള്‍ക്ക് അവരുടെ ലഗേജുകള്‍ അടുത്ത ദിവസം എത്തിക്കുമെന്ന് എയര്‍ലൈനിന്റെ ഗ്രൗണ്ട് ക്രൂ ഉറപ്പ് നല്‍കി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷമാണ് ബാഗുകള്‍ എത്തിയത്. അപ്പോഴേക്കും അവശ്യ സാധനങ്ങളെല്ലാം ഇവര്‍ക്ക് വേറെ വാങ്ങേണ്ടി വന്നിരുന്നു.
ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് തങ്ങളുടെ ലഗേജ് വിമാനത്തില്‍ കയറ്റിയിട്ടില്ലെന്ന് ഇൻഡിഗോ പ്രതിനിധികള്‍ക്ക് അറിയാമായിരുന്നിട്ടും ഈ വിവരം വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് ദമ്ബതികള്‍ നവംബര്‍ 18 ന് ഇൻഡിഗോ എയര്‍ലൈനിന്റെ ഓപ്പറേറ്റര്‍മാരായ ഇന്റര്‍ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് വക്കീല്‍ നോട്ടീസ് നല്‍കിയത്.
തങ്ങളുടെ അവധിക്കാലം തടസപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും ശാന്തിനഗറിലെ ബംഗളൂരു അര്‍ബൻ മൂന്നാം അഡീഷണല്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ എയര്‍ലൈനിനെതിരെ പരാതി നല്‍കി. ഈ പരാതിയിലാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഇൻഡിഗോയോട് ആവശ്യപ്പെട്ടത്.