മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.
കേരളത്തിലും അമേരിക്കയിലുമായി 2021 മുതല്‍ ചെലവായ മുക്കാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലെത്തിയത്. 2022 ജനുവരിയില്‍ മാത്രം മയോക്ലിനിക്കില്‍ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായി.
2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയും ഭാര്യയും 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കില്‍ 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ കമല വിജയന്റെ ചികിത്സയ്ക്ക് 47,769 രൂപയും മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവായി.
2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയും ചെലവായി. 2020 ഡിസംബറില്‍ സെക്രട്ടറിയേറ്റ് ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്പൻസറിയിലും മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. എല്ലാം കൂടെ 74.99 ലക്ഷം രൂപയാണ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.