‘നിലയ്‌ക്കല്‍ – പമ്ബ റൂട്ടില്‍ വിഎച്ച്‌പിയുടെ സൗജന്യ യാത്ര വേണ്ട, അവകാശം കെഎസ്‌ആര്‍ടിസിക്ക്’; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കല്‍ മുതല്‍ പമ്ബ വരെ സൗജന്യ വാഹന സൗകര്യമൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ ഹർജിയില്‍ മറുപടി നല്‍കി സർക്കാർ.

ഹർജി തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലയ്‌ക്കല്‍ മുതല്‍ പമ്ബ വരെയുള്ള റൂട്ടില്‍ ബസ് സർവീസ് നടത്താനുള്ള അവകാശം കെഎസ്‌ആർടിസിക്കാണെന്നാണ് സർക്കാരിന്റെ വാദം.

ഈ വർഷം ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാംങ്‌മൂലം നല്‍കിയത്.

കെഎസ്‌ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളില്‍ നിന്നായി സീസണ്‍ സമയത്ത് നിരവധി ബസുകള്‍ ഇവിടേക്കെത്തിച്ച്‌ പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്ബില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ മേഖലയില്‍ ട്രാഫിക്ക് ജാം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എന്നും സർക്കാർ വ്യക്തമാക്കി.

20 ബസുകള്‍ വാടകയ്‌ക്കെടുത്ത് ഭക്തർക്ക് സൗജന്യ യാത്ര നടത്താൻ അനുവദിക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലൊരു സർവീസ് അനുവദിക്കുന്നതിനുള്ള സ്‌കീം സംസ്ഥാനത്തെങ്ങുമില്ല. ഇങ്ങനെ അനുവദിച്ചാല്‍ അത് നിലവിലുള്ള പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാകും. ഈ സാഹചര്യത്തില്‍ ഹർജി പൂർണമായും തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. റൂട്ടില്‍ ബസുകളുടെ എണ്ണം കുറവാണെന്നും ഭക്തർ തിക്കിത്തിരക്കിയാണ് ഓരോ ബസിലും കയറുന്നതെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നും സർക്കാർ നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *