വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ യുവ നേതാവിനെതിരേ സി.പി.എമ്മിന്റെ അന്വേഷണ കമ്മിഷൻ.
ഉദുമ ഏരിയാ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പാർട്ടി ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് യുവനേതാവ്.
ഇയാളുടെ വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലെന്നുമാത്രമല്ല, വലിയ അന്തരമുള്ളതായും ചിലർ പരാതിപ്പെട്ടു. ഇരുനില വീടുവച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നല്‍കി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി തുടങ്ങിയ ആരോപണങ്ങളും ചർച്ചയായിരുന്നു.
ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നുവെന്ന യുവ നേതാവിന്റെ മറുപടി തൃപ്തികരമല്ലെന്നു പാർട്ടി ഏരിയാ കമ്മിറ്റിയോഗം വിലയിരുത്തി. പരാതിയിലെ ചില പരാമർശങ്ങള്‍ രണ്ടുവർഷം നടന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിലേക്കും നീളുന്നു.
വാഹന പാർക്കിങ്ങിന് പണം പിരിച്ചതടക്കമുള്ള കാര്യങ്ങളും അതിന്റെ കണക്കുമെല്ലാം പാർട്ടി നിയോഗിച്ച കമ്മിഷൻ അന്വേഷിക്കുമെന്നറിയുന്നു.
ശനിയാഴ്ച നടന്ന ഉദുമ ഏരിയാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗം കെ. കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചിരുന്നു. പാർട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.വി. ഭാസ്കരൻ, പി. നാരായണൻ, എൻ.പി. രാജേന്ദ്രൻ എന്നിവർക്കാണ് അന്വേഷണച്ചുമതല.