പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് ബോഗികള്‍ പാളം തെറ്റി, അഞ്ച് മരണം

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച ഉണ്ടായ അപകടത്തില്‍ അപകടത്തില്‍ അഞ്ച് പേർ മരിച്ചു, കുറഞ്ഞത് 25 പേർക്ക് എങ്കിലും അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

ഡാർജിലിംഗ് ജില്ലയില്‍ ഇന്ന് രാവിലെ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിനെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപം പിന്നില്‍ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, അപകടത്തിന് പിന്നാലെ ഡോക്‌ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

‘ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയില്‍ നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കാഞ്ചൻജംഗ എക്‌സ്പ്രസ് ഒരു ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചതായാണ് റിപ്പോർട്ട്. ഡിഎം, എസ്‌പി, ഡോക്ടർമാർ, ആംബുലൻസുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവർ ഇവിടെയെത്തി. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു’ മമത ബാനർജി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

ഗുഡ്‌സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച്‌ പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേയുടെ വിശദീകരണം. അപകടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ പിൻഭാഗം കാർഗോ വാനും ഗാർഡ് കോച്ചും പാസഞ്ചർ കംപാർട്ട്‌മെൻ്റുകളും അടങ്ങുന്നതായിരുന്നു എന്നതാണ് അപകടത്തിന്റെ തീവ്രത കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇല്ലെങ്കില്‍ കൂടുതല്‍ പേരുടെ മരണത്തിലേക്ക് അപകടം നയിക്കുമായിരുന്നു. എങ്കിലും കുറഞ്ഞത് 25 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സില്‍ച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്‌സ്പ്രസ്. നോർത്ത് ഈസ്‌റ്റിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ‘ചിക്കൻ നെക്ക്’ ഇടനാഴിയിലാണ് ഈ ട്രെയിനിന്റെ റൂട്ട്. ഇവിടെയുണ്ടായ അപകടം മറ്റ് നിരവധി ട്രെയിനുകളുടെ സർവീസുകളെ ബാധിച്ചേക്കുമെന്നാണ് സൂചന.

ആളുകള്‍ക്ക് സ്ഥിതിഗതികളെ കുറിച്ച്‌ അറിയാൻ സഹായിക്കുന്ന ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍ റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്. 033-23508794, 033-23833326 (സീല്‍ഡ), 03612731621, 03612731622, 03612731623- (ഗുവാഹത്തി) എന്നിവയാണ് ഈ നമ്ബറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *