രാഷ്‌ട്രീയത്തില്‍ റീ എൻട്രി പ്രഖ്യാപിച്ച്‌ ശശികല; 2026ല്‍ അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞ

രാഷ്‌ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അണ്ണാ ഡിഎംകെ മുൻ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.

കെ ശശികല. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതിസന്ധിയിലായ പാർട്ടിയെ രക്ഷിക്കാനാണ് തിരിച്ചുവരവെന്ന് ശശികല വ്യക്തമാക്കി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും അനുയായികളെ അഭിസംബോധന ചെയ്ത്കൊണ്ട് അവർ പറഞ്ഞു.

എടപ്പാടി കെ.പളനിസ്വാമിയില്‍ നിന്ന് പാർട്ടിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശശികല ഏറെ നാളായി ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചില്ല. ഇതിനിടയിലാണ് രാഷ്‌ട്രീയത്തിലേക്ക് തിരിച്ച്‌ വരാനുള്ള ശരിയായ സമയം ഇതാണെന്ന് അവർ പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തനാണ്. അണ്ണാ ഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല. പാർട്ടിയെ ഏകീകരിക്കുകയാണ് തന്റെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എടപ്പാടി കെ. പളനിസ്വാമി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാത്തപ്പോള്‍ പ്രതിപക്ഷ പാർട്ടി എന്ന നിലയില്‍ സർക്കാരിനെ ചോദ്യം ചെയ്യും. താൻ ഉടൻ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ശശികല പറഞ്ഞു.

അണ്ണാ ഡിഎംകെയില്‍ ജാതി രാഷ്‌ട്രീയം നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയില്‍ ജാതി രാഷ്‌ട്രീയം കൊണ്ടുവരുന്നത് പാർട്ടി പ്രവർത്തകർ സഹിക്കില്ല. ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടായിരുന്നെങ്കില്‍ 2017ല്‍ എടപ്പാടി കെ പളനിസ്വാമിയെ അവർ മുഖ്യമന്ത്രിയാക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പോയെന്നും പല സീറ്റുകളിലും കെട്ടിവെച്ച തുക നഷ്ടമായെന്നും അവർ വിമർശിച്ചു.

2017ല്‍ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോള്‍ പാർട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല. 2016 ഡിസംബറില്‍ ജയലളിതയുടെ മരണത്തെ തുടർന്നാണ് നേതൃസ്ഥാനത്തെത്തിയത്. പിന്നിട് അനധികൃത സ്വത്ത് സമ്ബാദന കേസില്‍ അറസ്റ്റിലായ ഇവർ 2021 ഫെബ്രുവരിയിലാണ് ജയില്‍മോചിതയായത്.

Leave a Reply

Your email address will not be published. Required fields are marked *