കെഎസ്‌ആര്‍ടിസി ബസ്സില്‍ ജനിച്ച കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്റെ സമ്മാനം

കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ്സില്‍ യുവതി പ്രസവിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെ എസ് ആർ ടി സി ബസ്സിലെ പ്രസവമെടുത്ത ഡോക്ടർമാർക്കും നേഴ്സുമാർക്കും മന്ത്രി കെ ബി ഗണേഷ് കുമാർ അനുമോദനം അറിയിച്ചിരിക്കുകയാണ്.

തൃശൂർ ഡി ടി ഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയില്‍ എത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. അതേ സമയം കുഞ്ഞിന്റെയും അമ്മയുടേയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കിയിട്ടുണ്ട്.

ഇന്നലെ തൃശൂർ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെ എസ് ആർ ടി സി ബസ്സില്‍ വെച്ച്‌ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടറെ കാണാനായി കെ എസ് ആർ ടി സിയില്‍ യാത്ര ചെയ്യുമ്ബോഴാണ് യുവതിക്ക് പ്രസന വേദന അനുഭവപ്പെട്ടത് ഉടൻ തന്നെ ബസ് അടുത്തുള്ള അമല ആശുപത്രിയിലേത്ത് വിട്ടു. ആശുപത്രി അധികൃതരെ വിളിച്ച്‌ കാര്യം അറിയിക്കുകയും ചെയ്തു.

ബസ് ആശുപത്രിയിലേത്ത് എത്തുമ്ബോഴേക്കും ഡോക്ടറും നേഴ്സുമാരുമെല്ലാം തയ്യാറായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിലേക്കാണ് ബസ് എത്തിയത്. അപ്പോഴേക്കും യുവതിയുടെ പ്രസവം നടക്കും എന്ന സ്ഥിതിയിലായി. യുവതിയെ ബസ്സില്‍ നിന്ന് മാറ്റാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. തുടർന്നാണ് ഒട്ടും സമയം കളയാതെ ഡോക്ടറും നഴ്സും ബസ്സിനുള്ളില്‍ കയറി പ്രസവമെടുത്തത്.

മലപ്പുറം തിരുനാവായ സ്വദേശിയായ മുപ്പതിയേഴുകാരിക്കാണ് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ടത്. ഭർത്താവും കൂടെയുണ്ടായിരുന്നു. സംഭവം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ബസ് ഡ്രൈവറും കണ്ടക്ടറും ബസ്സിലുണ്ടായിരുന്ന യാത്രക്കാരും സമയോചിതമായി ഇടപെട്ടു. ആശുപത്രി അടുത്തുണ്ടായത് ഉപകാരമായി. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സാഹചര്യം മനസ്സിലാക്കി യാത്രക്കാർ സഹകരിച്ചതും സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *