കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി; വീണ്ടും ഗുരുതര ആരോപണവുമായി കെ എം ഷാജി

കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച്‌ ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു.

സംഭവത്തില്‍ കേസ് കൊടുക്കാന്‍ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നുവെന്നും കേസെടുത്താല്‍ നിരവധി ഏജന്‍സികള്‍ കേരളത്തില്‍ ഇറങ്ങുമെന്നും ഷാജി പറഞ്ഞു. അതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരും. ബാക്കി കേസ് വന്ന ശേഷം പറയാമെന്നും കെ എം ഷാജി.

ടി പി കേസിലെ രണ്ട് പ്രധാന പ്രതികള്‍ മരിച്ചു. മരിച്ചത് എങ്ങനെയെന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം.

പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടിരുന്നു. ‘കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എല്ലാവര്‍ക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *