മോസ്‌ക് നിര്‍മാണം മേയില്‍ തുടങ്ങും

വരുന്ന മേയില്‍ അയോധ്യയില്‍ വലിയ പള്ളിയുടെ നിര്‍മാണം ആരംഭിക്കും. പള്ളി പൂര്‍ത്തിയാകാന്‍ മൂന്ന്‌- നാല്‌ വര്‍ഷമെടുക്കും.

മസ്‌ജിദ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്തോ- ഇസ്ലാമിക്‌ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്‌) വികസനസമിതി തലവന്‍ ഹാജി അര്‍ഫത്‌ ഷെയ്‌ഖിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ പുറത്തുവിട്ടതാണ്‌ ഈ റിപ്പോര്‍ട്ട്‌.
രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന ദിവസമാണ്‌ പള്ളി നിര്‍മാണ വാര്‍ത്ത പുറത്തുവന്നതും. മസ്‌ജിദ്‌ നിര്‍മാണ ഫണ്ടിനായി ക്രൗഡ്‌ ഫണ്ടിങ്‌ വെബ്‌സൈറ്റ്‌ സ്‌ഥാപിക്കുമെന്ന്‌ ഹാജി അര്‍ഫത്‌ ഷെയ്‌ഖ്‌ പറഞ്ഞു. മുഹമ്മദ്‌ നബിയെ അനുസ്‌മരിച്ച്‌ മസ്‌ജിദ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദുല്ല എന്നാണ്‌ പള്ളിക്കു പേരിടുക. ” സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ആളുകള്‍ തമ്മിലുള്ള ശത്രുതയും വിദ്വേഷവും സ്‌നേഹമാക്കി മാറ്റാനാണ്‌ ഞങ്ങളുടെ ശ്രമം. നമ്മുടെ കുട്ടികളെയും ആളുകളെയും നല്ല കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ ഈ ഏറ്റുമുട്ടലുകളെല്ലാം അവസാനിക്കും.” – ഷെയ്‌ഖ്‌ പറഞ്ഞു.
1992 ല്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ നിയമവിരുദ്ധമാണെന്ന്‌ 2019 ല്‍ സുപ്രീം കോടതി പറഞ്ഞു. എന്നാലും, മസ്‌ജിദിന്‌ താഴെ ഇസ്ലാമികമല്ലാത്ത ഒരു ഘടനയുണ്ടെന്ന്‌ വിധിച്ചു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുമെന്നും മുസ്ലീം വിഭാഗത്തിന്‌ മസ്‌ജിദ്‌ നിര്‍മിക്കാന്‍ സ്‌ഥലം നല്‍കുമെന്നും വിധി വന്നു.
എന്നാല്‍, മസ്‌ജിദ്‌ നിര്‍മാണ ഫണ്ടിനായി ഐ.ഐ.സി.എഫ്‌ ആരെയും സമീപിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ സുഫര്‍ അഹമ്മദ്‌ ഫാറൂഖി പറഞ്ഞു. പള്ളിയില്‍ കൂടുതല്‍ പരമ്ബരാഗത ഘടകങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാലാണു നിര്‍മാണം വൈകുന്നതെന്ന്‌ ഐ.ഐ.സി.എഫ്‌ സെക്രട്ടറി അത്തര്‍ ഹുസൈന്‍ പറഞ്ഞു. പള്ളിക്കൊപ്പം 500 കിടക്കകളുള്ള ആശുപത്രിയും സമുച്ചയത്തില്‍ നിര്‍മിക്കും.

Leave a Reply

Your email address will not be published. Required fields are marked *