പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യ തീരുമാനം; ‘പ്രധാനമന്ത്രി സൂര്യോദയ് യോജന’യുമായി മോദി

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോർജ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന പേരില്‍ അദ്ദേഹം സോളാർ പദ്ധതി പ്രഖ്യാപിച്ചു. അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍‌ പങ്കെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അയോധ്യയില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നു അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

‘ലോകത്തിലെ എല്ലാ ഭക്ത ജനങ്ങള്‍ക്കും സൂര്യ വംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്നു എല്ലായ്പ്പോഴും ഉർജ്ജം ലഭിക്കുന്നു. ഇന്ന് അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയുടെ ശുഭ മുഹൂർത്തത്തില്‍ എന്റെ ദൃഢ നിശ്ചയം കൂടുതല്‍ ശക്തിപ്പെട്ടു. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അവരുടെ വീടുകളില്‍ മേല്‍ക്കൂരയില്‍ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്നതാണ് ആ ദൃഢനിശ്ചയം.’

‘ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ പ്രധാനമന്ത്രി സൂര്യോദയ യോജന ആരംഭിക്കുന്നു. അയോധ്യയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം ഞാൻ‌ എടുത്ത ആദ്യ തീരുമാനമാണിത്.’

‘സോളാർ റൂഫ് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വൈദ്യുതി ബില്‍ കുറയ്ക്കും. മാത്രമല്ല ഊർജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും’- അദ്ദേഹം കുറിച്ചു.

പദ്ധതി സംബന്ധിച്ചു പ്രധാനമന്ത്രി ഓഫീസിലേയും ഊർജ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമായി മോദി ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കണമെന്ന നിർദ്ദേശവും അദ്ദേഹം നല്‍കിയതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *