ശബരിമലയില്‍ ഇന്നും ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം തുടങ്ങിയ തീര്‍ഥാടകരുടെ തിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
ഇന്നലെ വൈകിട്ട് 7ന് പമ്ബയില്‍ നിന്നു മല കയറിയ തീര്‍ഥാടകര്‍ക്ക് ഇന്ന് പുലര്‍ച്ചെ 3ന് നട തുറന്ന ശേഷമാണ് ദര്‍ശനം കിട്ടിയത്.
മല കയറി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനത്തിന്റെ പുണ്യം നുകരാന്‍ എത്തിയ തീര്‍ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണു സന്നിധാനത്തില്‍.
ഇന്നലെയും ഇന്നത്തേതു പോലെ സമാനമായ തിരക്ക് ആണ് അനുഭവപ്പെടുന്നത്. യു ടേണ്‍ മുതല്‍ ക്യു നിന്ന് ഇവര്‍ സന്നിധാനത്ത് എത്തിയപ്പോഴേക്കും ഹരിവരാസനം ചൊല്ലി നട അടച്ചിരുന്നു. ഒടുവില്‍ നടപ്പന്തലിലെ ക്യൂവില്‍ പുലര്‍ച്ചെ വരെ കാത്തിരുന്നു.
നടന്‍ ദിലീപ് ഉള്‍പ്പെടെ ഉള്ളവര്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തി. ശബരിമലയില്‍ ആരും അനുവദനീയമായ ദിവസത്തില്‍ അധികം താമസിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഡോണര്‍ മുറിയില്‍ ആരും അനുവദനീയമായ ദിവസത്തില്‍ അധികം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
പാലക്കാട് സ്വദേശിയായ സുനില്‍ കുമാര്‍ (സുനില്‍ സ്വാമി) മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയില്‍ താമസിക്കുകയും ശ്രീകോവിലിനു മുന്നില്‍നിന്നു ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെടുത്ത സ്വമേധയാ ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദേശം.