വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ യോഗം ഇന്ന്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
രാഷ്‌ട്രപതി ദ്രൗപദി മുർമു അദ്ധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം, കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണം എന്നിവയാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.
വയനാട്ടിലുണ്ടായ ദുരന്തം സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഗവർണർ പറഞ്ഞു. ദുരന്തം അറിഞ്ഞ ഉടൻ പ്രധാനമന്ത്രി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജ്യം വയനാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.