ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷൻ ഗുഗല്‍ധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. കുപ്‌വാരയില്‍ സംശയാസ്പദമായി ഭീകരസാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സൈന്യം മുന്നറിയിപ്പ് നല്‍കുകയും ഒടുവില്‍ വെടിയുതിർക്കുകയുമായിരുന്നു.
ജില്ലയിലെ ഗുഗല്‍ധാർ മേഖലയില്‍ ഭീകരർ നുഴഞ്ഞുകയറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലായിരുന്നു ഇത്. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം കുപ്‌വാരയുടെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്.
അടുത്തിടെ ജമ്മുകാശ്മീരിലെ കത്വ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോണ്‍സ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റിരുന്നു. കത്വ ജില്ലയിലെ കോഗ്- മണ്ഡലി ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന മേഖലയില്‍ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടാകുകയായിരുന്നു.