വിഷുവായിട്ടും സാധനങ്ങളില്ലാതെ സപ്ലൈകോ

വിഷു അടുത്തിട്ടും സപ്ലൈകോ വില്‍പ്പനശാലകളില്‍ വേണ്ടത്ര സാധനങ്ങളെത്തിയില്ല. സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ മുഖംതിരിഞ്ഞുനിന്നതാണ് പ്രശ്നം.

13 സബ്‌സിഡി ഉത്‌പന്നങ്ങളില്‍ അഞ്ചോ ആറോ എണ്ണത്തിന്റെ ലഭ്യതയേ ഉറപ്പാക്കാനായിട്ടുള്ളൂ. സാധനങ്ങള്‍ ഇല്ലാത്തതു പ്രതിപക്ഷം ആയുധമാക്കിയതോടെ, തിടുക്കപ്പെട്ടു പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. ഈയാഴ്ച എല്ലാ ഉത്‌പന്നങ്ങളും വില്‍പ്പനശാലകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ എത്തിയിട്ടില്ല. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളില്‍നിന്നെത്തേണ്ടതാണ്. വില്‍പ്പനക്കാർ ടെൻഡറില്‍ വിലകൂട്ടിയതിനാല്‍ വിതരണക്കരാർ നല്‍കാനായില്ല. തുടർന്ന് റീ-ടെൻഡർ നടന്നു. അതനുസരിച്ചുള്ള സാധനങ്ങള്‍ ഈയാഴ്ച എത്തുമെന്നാണ് പ്രതീക്ഷ. പഞ്ചസാര വൈകുമെങ്കിലും തുവരപ്പരിപ്പ് തിങ്കളാഴ്ച എത്തുമെന്നാണ് വിശദീകരണം.

സബ്‌സിഡി ഇനത്തില്‍ നാലെണ്ണം അരിയാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് മറ്റുള്ളവ. എട്ടു സാധനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ വാദം. പക്ഷെ, പലയിടത്തും അഞ്ച് ഉത്‌പന്നങ്ങളേ കിട്ടാനുള്ളൂ. തിരഞ്ഞെടുപ്പ് കാലമായിട്ടും സാധനങ്ങള്‍ വേഗത്തിലെത്തിക്കാനുള്ള ജാഗ്രത ഉദ്യോഗസ്ഥരും കാണിച്ചില്ല.

കുറുവ അരി കിട്ടാനില്ല. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഭാരത് അരിക്കു ബദലായി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ കെ-അരി സപ്ലൈകോ വില്‍പ്പനശാലകളില്‍ സുലഭമാണ്. കിലോഗ്രാമിന് 28 രൂപനിരക്കില്‍ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണംചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *