ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദര്‍ശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.
മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയിയിലെത്തിയത്.
സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പര്‍വതവും പുണ്യകാഴ്ചകളായതായും മന്ത്രി പറഞ്ഞു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിന്റെറെ നിലപാട്, ഭാരതത്തിൻറെ സാംസ്കാരിക- ആധ്യാത്മിക സമഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെത്തിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അല്‍ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച അതെ ക്വാട്ട തന്നെയാണ് ഈ വര്‍ഷവും ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാൻ, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അല്‍ റബീഅയും മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവൻ തീര്‍ഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി സ്‌മൃതി ഇറാനി തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.