ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍.
കരണ്‍ ബ്രാർ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ് (28) എന്നിവരാണ് പിടിയിലായതെന്ന് സൂപ്രണ്ട് മന്‍ദീപ് മൂക്കെർ അറിയിച്ചു. ആല്‍ബേർട്ടയിലെ എഡ്മണ്ടനില്‍ നിന്നാണ് മൂവരും അറസ്റ്റിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവർ കഴിഞ്ഞ അഞ്ച് വർഷമായി കാനഡയില്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യ സർക്കാരിന് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരുടെ പങ്കാളിത്തം മാത്രമായിരിക്കില്ല അന്വേഷണത്തിന്റെ അജണ്ടെയെന്നും അസിസ്റ്റന്റ് കമ്മിഷണർ ഡേവിഡ് ടെബൂള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെങ്കിലും സഹകരണം അനുകൂലമല്ലെന്നാണ് കനേഡിയന്‍ പോലീസിന്റെ ആരോപണം. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണിലായിരുന്നു വാന്‍കൂവറില്‍വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ സർക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ട്രൂഡോയുടെ ആരോപണം പൂർണമായും തള്ളുകയാണ് ചെയ്തത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകം തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.