രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സംശയകരമായ ചില നമ്ബറുകളില്‍ നിന്ന് ലഭിക്കുന്ന വാട്സ്‌ആപ് കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം മന്ത്രാലയം.
ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരം ഫോണ്‍ കോളുകളില്‍ വിളിക്കുന്നവർ സംസാരിച്ച് തുടങ്ങുന്നതു തന്നെ. മൊബൈല്‍ നമ്ബറുകളുടെ കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളോട് സംസാരിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ പേരിലുള്ള മൊബൈല്‍ നമ്ബറുകള്‍ ചില നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിക്കുന്നവർ പറയും. സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളുമായി ബന്ധമുള്ള കാര്യങ്ങളാണെന്നും, അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ പേരും മൊബൈല്‍ നമ്ബറും ഉപയോഗിച്ച് അയച്ച നിയമവിരുദ്ധമായ പാർസലുകള്‍ സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നും ഒക്കെയായിരിക്കും വിളിക്കുന്നവരില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നത്. പിന്നാലെ നിങ്ങളുടെ മൊബൈല്‍ നമ്ബർ ഉടനെ തന്നെ ഡിസ്കണക്‌ട് ചെയ്യുമെന്നോ അല്ലെങ്കില്‍ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാൻ ചില കാര്യങ്ങള്‍ ചെയ്യണമെന്നും നിർദേശിക്കും. പലയിടങ്ങളിലും ഇത്തരം കോളുകള്‍ ലഭിച്ചവരോട് പല തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നതെങ്കിലും പ്രവർത്തന രീതി ഏതാണ്ട് സമാനമാണ്.
വിദേശ നമ്ബറുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ പലപ്പോഴും വാട്സ്‌ആപിലൂടെ ലഭിക്കുന്നതെന്ന് ടെലികോം മന്ത്രാലയം പറയുന്നു. +92-xxxxxxxxxx എന്നിങ്ങനെയായിരിക്കും ഈ നമ്ബറുകള്‍. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആളുകളെ കബളിപ്പിക്കുന്നത്. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ സാമ്ബത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ടോ ആണ് ഇത്തരം കോളുകളെല്ലാം. ആളുകളെ ബന്ധപ്പെട്ട് മൊബൈല്‍ നമ്ബർ ഡിസ്കണക്‌ട് ചെയ്യുമെന്നോ മറ്റോ പറയാൻ ടെലികോം മന്ത്രാലയം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്താക്കിയിട്ടുണ്ട്.
ഇത്തരം ഫോണ്‍ കോളുകളോ വാട്സ്‌ആപ് കോളുകളോ കിട്ടുന്നവർ അക്കാര്യം യഥാസമയം റിപ്പോർട്ട് ചെയ്യണമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. www.sancharsaathi.gov.in എന്ന വെബ്‍സൈറ്റില്‍ ഇത്തരം സംശയകരമായതും തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ളതുമായ കോളുകള്‍ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇങ്ങനെ വിവരം നല്‍കുന്നത് തുടർ നടപടികള്‍ കൈക്കൊള്ളാൻ ടെലികോം മന്ത്രാലയത്തിന് സഹായകമാവും.
ഇതിന് പുറമേ www.sancharsaathi.gov.in വെബ്‍സൈറ്റില്‍ പ്രവേശിച്ചാല്‍ ഓരോ ഉപഭോക്താവിനും തങ്ങളുടെ പേരില്‍ എത്ര മൊബൈല്‍ കണക്ഷനുണ്ടെന്നും അത് ഏതൊക്കെയാണെന്നും അറിയാനുമാവും. തങ്ങള്‍ എടുത്തിട്ടില്ലാത്ത കണക്ഷനുകള്‍ അതില്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് റദ്ദാക്കാനുള്ള വഴികള്‍ തെരഞ്ഞെടുക്കാം. സൈബർ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെടുന്നവർ 1930 എന്ന ഹെല്‍പ്‍ലൈൻ നമ്ബറിലോ അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്‍സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.