ആടുജീവിതത്തിന് മോശം റിവ്യൂ; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ പ്രേമികള്‍

ലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല.

രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍ എങ്കില്‍ അത് തെലുങ്ക് സംസ്ഥാനങ്ങളിലേക്ക് വരുമ്ബോള്‍ നാല് കോടിയില്‍ താഴെയാണ് ചിത്രം നേടിയിരിക്കുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ നല്ല സിനിമകളെ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ക്ക് മാസ് മസാല സിനിമകള്‍ മതിയെന്നുമുള്ള ചില അഭിപ്രായങ്ങളാണ് വരുന്നത്. രസകരമായ വസ്തുത എന്തെന്നാല്‍ ഈ അഭിപ്രായം പറയുന്നത് മലയാളികള്‍ അല്ല, മറിച്ച്‌ തമിഴ് പ്രേക്ഷകരാണ്. ആടുജീവിതത്തെക്കുറിച്ച്‌ മോശം റിവ്യൂ നല്‍കിയ റിവ്യൂവര്‍മാര്‍ക്കെതിരെയും തമിഴ് പ്രേക്ഷകര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

ആടുജീവിതം നിലവില്‍ ആഗോളതലത്തില്‍ 93 കോടിയിലധികം രൂപ നേടി കഴിഞ്ഞു. എട്ട് ദിവസത്തിനുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസങ്ങളില്‍ തന്നെ സിനിമ 100 കോടി എന്ന നേട്ടം കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *