അഭിനയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാലിന്റെ ആത്മീയതയോടുള്ള പ്രണയവും പ്രസിദ്ധമാണ്.
ആത്മീയതയ്ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മോഹൻലാല്‍. എനിക്ക് ചുറ്റും ആത്മീയത ഉണ്ടെന്നാണ് വിശ്വാസമെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഓരോ ചിത്രത്തിന്റെയും ഇടവേളകളില്‍ അദ്ദേഹം വിവിധ ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാറുമുണ്ട്, അദ്ദേഹത്തിന്റെ അത്തരമൊരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രമായ എമ്ബുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ സന്ദര്‍ശിക്കാനാണ് സൂപ്പര്‍താരം എത്തിയത്.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്. രാമാനന്ദും മോഹൻലാലിനൊപ്പമുണ്ട്. ആശ്രമത്തില്‍ എത്തിയ മോഹൻലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ … എന്ന കുറിപ്പിനൊപ്പമാണ് രാമാനന്ദ് ചിത്രങ്ങള്‍ പങ്കുവച്ചത്.
അതേസമയം നേര്, മലൈക്കോട്ടെ വാലിബൻ , ബറോസ് എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍, മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28നായിരിക്കും റിലീസ് ചെയ്യുക. പൃഥ്ര്വിരാജ് സംഴിധാനം ചെയ്യുന്ന എമ്ബുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ അമേരിക്കയില്‍ ആരംഭിക്കും. തുടര്‍ന്ന് യു.കെയിലും അബുദാബിയിലും ചിത്രീകരണം നടക്കും. ഡല്‍ഹിയിലും ലഡാക്കിലുമായിരുന്നു ആദ്യ ഷെഡ്യൂള്‍.