‘ഒരു കുടുംബത്തിന്റെ ഊണുമുറിയിലാണ് പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ‘ഒരു കുടുംബത്തിന്റെ ഊണുമുറിയിലാണ് പഴയ പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്ന’തെന്നായിരുന്നു വിമര്‍ശനം.

ബാര്‍പേട്ട ജില്ലയിലെ ചക്ചകയില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടയില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

‘ബിജെപി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്, അത് അതിന്റെ പ്രവര്‍ത്തകര്‍ രൂപീകരിച്ചതാണ്, എന്നാല്‍ നിങ്ങള്‍ കോണ്‍ഗ്രസിനെയോ മറ്റ് പാര്‍ട്ടികളെയോ നോക്കുകയാണെങ്കില്‍, അത് പ്രവര്‍ത്തകര്‍ രൂപീകരിച്ചതല്ല, മറിച്ച്‌ അവരുടെ നേതാക്കളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചാണ്.

കുടുംബത്തിന്റെ ഊണുമുറിയില്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തകര്‍ അത് പിന്തുടരുകയും മാത്രമാണ് ചെയ്യുന്നത്. പാര്‍ട്ടിയുടെ അജണ്ടയും പ്രത്യയശാസ്ത്രവും കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ മാറ്റുന്നു’ ബിശ്വ ശര്‍മ്മ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ എല്ലാവരുമായും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതെന്നും കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെയോ രാഹുല്‍ ഗാന്ധിയുടെ അരികില്‍ ഇരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ ഈ തെരഞ്ഞെടുപ്പോടെ മങ്ങി പോകുമെന്നും പാര്‍ട്ടി വെറും സംസ്ഥാന ഘടകങ്ങളായി ഛിന്നഭിന്നമാകുമെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന ബിശ്വ ശര്‍മ്മ ബിജെപിയില്‍ ചേരുകയും അസം മുഖ്യമന്ത്രിയായി മാറുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *