സമാപനത്തിലും ‘സമരാഗ്നി’യില്‍ അമളി; ദേശീയഗാനം തെറ്റിച്ചുപാടി പാലോട് രവി

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി.

അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എല്‍.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.

മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച്‌ പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.

അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നിന്നും പ്രവർത്തകർ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സാധാകരൻ കടുത്ത അമർഷം രേഖപ്പെടുത്തി. മുഴുവൻ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവർത്തകർ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശൻ സുധാകരനെ തിരുത്തി. നമ്മുടെ പ്രവർത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *