‘പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെ’; ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി

കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ മനസ്സ് തുറന്ന് സുരേഷ് ഗോപി.

പിണറായി വിജയൻ തന്നെസിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി. ‘വിജയേട്ടാ എനിക്കത് പറ്റില്ല’ എന്ന് അപ്പോള്‍ തന്നെ മറുപടിയും നല്‍കി. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.

2014 ആഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് പക്ഷേ മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കായൻ ശ്രമിച്ചെങ്കിലും അവര്‍ക്കും സാധിച്ചില്ല. ഭൂമി ദേവിക്ക് വേണ്ടിയാണ് താൻ പൊരുതിയത്. അതിനുവേണ്ടി പറ‍ഞ്ഞൊരു വാചകത്തില്‍ കടിച്ചു തൂങ്ങിയാണ് എന്‍റെ വീടിന് മുകളില്‍ വന്ന് മൈക്ക് വെച്ച്‌ തന്‍റെ മാതാപിതാക്കള്‍ക്കെതിരെ സംസാരിച്ചത്.

താൻ ലീഡര്‍ കെ കരുണാകരന്‍റെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ജീവിച്ചിരിക്കുന്നതില്‍ ടീച്ചര്‍ അത് പറയാൻ സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തില്‍ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എൻകെ പ്രേമചന്ദ്രനെയും നൗഷാദിനെയും ചൂണ്ടികാണിച്ച്‌ സുരേഷ് ഗോപി പറഞ്ഞു.

മാതാവിന് കിരീടം വെച്ചത് തന്‍റെ പ്രാർത്ഥനയാണെന്നും അവിടെയും തന്നെ ചവിട്ടി തേച്ചുവെന്നുമാണ് രാവിലെ തൃശൂരിലെ ഇൻഫന്‍റ് ജീസസ് സ്കൂളിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പ്രതികരിച്ചത്. പാവങ്ങളുടെ പണം തട്ടിയെടുത്ത് ചോരയൂറ്റി കുടിച്ചത് ചോദ്യം ചെയ്തു. അതിലാണ് താൻ വിജയിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു .

ഇപ്പോള്‍ ഒന്ന് ജയിച്ചപ്പോഴേക്കും അതിന്‍റെ ഘടകങ്ങള്‍ പരിശോധിക്കാതെ പൂരം കലക്കിയോ ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്. സമൂഹത്തില്‍ പിച്ചി ചീന്തപ്പെട്ടു. പക്ഷേ അവിടെ നിന്നും സമൂഹം തന്നെ ഉയർത്തിക്കൊണ്ട് വന്നു. ഒന്ന് തോളില്‍ സ്നേഹത്തോടെ കൈ വെച്ചപ്പോഴേക്കും കോടതിയുടെയും പൊലീസിൻ്റെയും വിളിയും കാത്തിരിക്കുന്ന ആളായി. എന്‍റെ ഭാര്യ അത്ര പ്രായമാകാത്ത സ്ത്രീ ആണ്. എനിക്ക് പെണ്മക്കളും ആണ്‍മക്കളും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *