ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി വരുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു’; സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബി.ജെ.പി. നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു.

ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐ.പി.സി. 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവർത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവർത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

വാത്സല്യപൂർവ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവർത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് തള്ളിക്കൊണ്ട് മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

കേസില്‍ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരില്‍നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. തുടർന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരുന്നത്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി മുൻകൂർ ജാമ്യവും എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *