‘ഗാസയ്ക്കു മേല്‍ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

അമിഹൈയുടെ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്നടക്കം അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തത്.

നിരപരാധികളെ ദ്രോഹിക്കാതിരിക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും ഇസ്രയേലി പ്രതിരോധ സേനയും (ഐഡിഎഫ്) പ്രവര്‍ത്തിക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. വിജയം കാണുന്നതു വരെ അത് തുടരും. അമിഹൈ എലിയാഹുവിന്റെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ച്‌ ഒരു മാസം പിന്നിടുമ്ബോള്‍ പതിനായിരത്തോളം ജനങ്ങളാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു പൈതൃക വകുപ്പു മന്ത്രി അമിഹൈ എലിയാഹുവിന്റെ പരാമര്‍ശം. കോല്‍ ബറാമ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. “എല്ലാവരേയും കൊല്ലാൻ ഗാസ മുനമ്ബില്‍ ഏതെങ്കിലും തരത്തിലുള്ള അണുബോംബ് വര്‍ഷിക്കുന്നതിനെ” കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. “അതുമൊരു മാര്‍ഗമാണ്” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അമിഹൈ എലിയാഹു ഗാസയിലെ ജനങ്ങളെ ‘നാസികള്‍’ എന്ന് വിളിച്ചതായും യാതൊരു തരത്തിലുള്ള മാനുഷിക സഹായവും വേണ്ടെന്ന് പറയുകയും ചെയ്തതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിയാണ് അമിഹൈ.

അമിഹൈയുടെ പരാമര്‍ശത്തിനെതിരെ ഇസ്രായേലിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം രംഗത്തെത്തി. നിരുത്തരവാദപരമായ ഒരു മന്ത്രിയുടെ ഭയാനകവും ഭ്രാന്തവുമായ പരാമര്‍ശം എന്നാണ് ഇസ്രായേലിലെ പ്രതിപക്ഷ നേതാവ് യൈര്‍ ലാപ്പിഡ് പ്രതികരിച്ചു.

അതേസമയം, പരാമര്‍ശം വിവാദമായതോടെ, വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. ആലങ്കാരിക പ്രയോഗമാണ് താൻ നടത്തിയത് എന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *