കനത്ത ജാഗ്രതയില്‍ രാജ്യതലസ്ഥാനം; കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്, അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത് നൂറ് കണക്കിന് പൊലീസുകാരെ

കനത്ത ജാഗ്രതയില്‍ രാജ്യതലസ്ഥാനം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ നിന്നുള്ള കർഷകർ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

കർഷകർ‌ ഡല്‍ഹിയിലെത്താതിരിക്കാൻ നൂറ് കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളില്‍ റോഡില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി – ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു. സാമൂഹ്യവിരുദ്ധർ മാർച്ചില്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

താങ്ങുവില നിയമപരമാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരം കർഷകരെങ്കിലും ഡല്‍ഹിയില്‍ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബി.ജെ.പി നേതാക്കളുടെയും വസതികള്‍ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി ഇരുനൂറോളം കർഷക സംഘടനകളാണ് സമരത്തിന് പിന്നില്‍.

പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ കർഷക നേതാക്കളുമായി ചണ്ഡിഗറില്‍ ഈ മാസം എട്ടിന് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിമാരുടെ ചർച്ച ഇന്നും തുടരും.

അതേസമയം, സമരം ചെയ്യുന്ന കർഷകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ബാർ അസോസിയേഷൻ കത്ത് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *