വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്ണിന് ആദ്യമെത്തിയത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാൻ ഫെർണാണ്‍ഡോ എന്ന കപ്പലാണ്.
ഇതിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്ബനിയായ എം.എസ്.സി.യും (മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ) വിഴിഞ്ഞത്തേയ്ക്ക് എത്തുകയാണ്. വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ആരംഭിച്ചതോടെ ലോകത്തിലെ വമ്ബൻ കപ്പല്‍ കമ്ബനികള്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നു. വിഴിഞ്ഞത്തെ പ്രവർത്തനങ്ങള്‍ക്കായി തലസ്ഥാനത്ത് ഓഫീസ് തുറക്കാനുള്ള നീക്കം എം.എസ്.സി. ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച എം.എസ്.സി. പ്രതിനിധികള്‍ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. തങ്ങളുടെ സർവീസ് ആരംഭിക്കുന്നതുമായുള്ള അനുമതിക്കായുള്ള രേഖകളും സമർപ്പിച്ചതായാണ് സൂചന.
വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കപ്പല്‍ കമ്ബനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വമ്ബൻ മദർഷിപ്പുകള്‍ക്ക് എളുപ്പത്തില്‍ അടുപ്പിക്കാമെന്നതിനാല്‍, ട്രാൻസ്ഷിപ്‌മെന്റ് പ്രവർത്തനങ്ങള്‍ക്കുള്ള വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ട്രയല്‍ റണ്ണിലൂടെ തുറമുഖ അധികൃതർ ചെയ്യുന്നത്.
ഇതുവരെ മൂന്ന് കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് എത്തി മടങ്ങിപ്പോയി. സെപ്റ്റംബർ വരെ ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകള്‍ എത്തും. എം.എസ്.സി.യുടെ കപ്പലും ഇക്കാലയളവില്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ കൊളംബോ തുറമുഖത്ത് വമ്ബൻ മദർഷിപ്പുകള്‍ക്ക് ചരക്കിറക്കാൻ ദിവസങ്ങളോളം കാത്തുകിടക്കേണ്ട സാഹചര്യമുണ്ട്.
വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം സമയവും ചെലവും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ട്രാൻസ്ഷിപ്‌മെന്റ് അനുമതി മാത്രമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിട്ടുള്ളത്. കര വഴിയുള്ള ചരക്കുനീക്കത്തിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.