മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമെന്ന് പഠിപ്പിച്ച അധ്യാപികയുടെ പണി പോയി !

രാമായണത്തെയും മഹാഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ കര്‍ണാടകയിലെ സ്‌കൂളില്‍ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു.

ബിജെപി അനുകൂല സംഘത്തിന്റെ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്‌ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബിജെപി എംഎല്‍എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉപയോഗിച്ചെന്നും സംഘം പറയുന്നു.

അധ്യാപിക കുട്ടികളുടെ മനസ്സില്‍ വെറുപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ‘ഇത്തരമൊരു അധ്യാപികയെ നിങ്ങള്‍ എന്തിന് സംരക്ഷിക്കണം? നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ കുട്ടികളോട് പൊട്ടു തൊടരുതെന്നും പൂക്കള്‍ വയ്ക്കരുതെന്നും പാദസരം ധരിക്കരുതെന്നും ആവശ്യപ്പെടുന്നു. രാമന് പാല്‍ ഒഴിക്കുന്നത് പാഴ്വേലയാണെന്ന് പറയുന്നു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാല്‍ നിങ്ങള്‍ മിണ്ടാതിരിക്കുമോ?’, എംഎല്‍എ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി സെന്റ് ജെറോസ സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് 60 വര്‍ഷത്തെ ചരിത്രമുണ്ടെന്നും ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ സംഭവം മൂലം തങ്ങളെക്കുറിച്ച്‌ പലര്‍ക്കും ചെറിയ തോതില്‍ അവിശ്വാസമുണ്ടായിട്ടുണ്ട്. എന്നാല്‍ അധ്യാപികയ്‌ക്കെതിരായ നടപടയിലൂടെ അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *