മുറിയില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് കേള്‍ക്കുമ്ബോള്‍ പേടിയാകുന്നു, താരനിശ നടത്താനല്ലല്ലോ അമ്മ എന്ന സംഘടന: ഉര്‍വശി

താരനിശ നടത്താനല്ല അമ്മയെന്ന സംഘടനയെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടണമെന്നും നടി ഉര്‍വശി. ഹേമ കമ്മിറ്റി വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.

സര്‍ക്കാരല്ല, അമ്മയാണ് ആദ്യം നിലപാടെടുക്കേണ്ടത്. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന സ്ഥിതിയുണ്ടാക്കരുതെന്നും സംഘടനയിലെ ആജീവനാന്ത അംഗമെന്ന നിലയില്‍ ഉടന്‍ ഇടപെടണമെന്നാണ് തന്റെ ആവശ്യമെന്നും ഉര്‍വശി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണം നിസാരമായി കാണരുത്. മുറിയില്‍ നിന്നും ഒരൂ സ്ത്രീ ഇറങ്ങിയോട് എന്ന് കേള്‍ക്കുമ്ബോള്‍ ഭയമാകുന്നു.

സിനിമ സെറ്റില്‍ നിന്നും മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ കളവാകും. അതിന് പ്രതികാരമായി ആവര്‍ത്തിച്ച്‌ ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എന്റെ ചേച്ചിമാരും കുടുംബവുമെല്ലാം സെറ്റില്‍ എപ്പോഴും വരാറുണ്ടായിരുന്നു. ചോദിക്കാന്‍ ആളുകളുണ്ട് എന്ന തോന്നല്‍ ഉള്ളതുകൊണ്ട് ആരും കതകിന് മുട്ടാന്‍ ധൈര്യപ്പെട്ടിട്ടില്ല. വലിയ ദുരനുഭവങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതികരിക്കേണ്ട എന്നില്ല. ഞാനെന്നല്ല അമ്മയിലെ ഓരോ അംഗങ്ങളും പ്രതികരിക്കണം. ഇതുപോലുള്ള പുരുഷന്മാര്‍ക്കിടയിലാണ് സ്ത്രീകള്‍ ജോലി ചെയ്തതെന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. സ്ത്രീയും പുരുഷനും അന്തസ്സോടെ ഒരുമിച്ച്‌ കൈകോര്‍ത്ത് പരിശ്രമിക്കുമ്ബോഴാണ് നല്ല സിനിമകള്‍ ഉണ്ടാക്കുന്നതെന്നും ഉര്‍വശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *