266 സീറ്റില്‍ 154 ഇടത്തും മുന്നില്‍; വിജയം അവകാശപ്പെട്ട് ഇമ്രാന്റെ പാര്‍ട്ടി

 പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്.

154 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നതായി തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അവകാശവാദം ഉന്നയിച്ചു. കേവല ഭൂരിപക്ഷത്തിന് 133 സീറ്റുകളാണ് വേണ്ടത്. ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ആഹ്ലാദ പ്രകടനം തുടങ്ങി.

തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പിന്തുണ നല്‍കുകയായിരുന്നു. മിക്ക മണ്ഡലങ്ങളിലും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 336 പാര്‍ലമെന്റ് സീറ്റില്‍ 266 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. ശേഷിക്കുന്ന 70 സീറ്റുകള്‍ സംവരണ സീറ്റുകളാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും പത്ത് സീറ്റുകള്‍ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രധാനമായും നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗും (നവാസ്) ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണ് മത്സരം. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും മത്സരരംഗത്തുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ ശക്തമായ പ്രചാരണമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *