എ.ഐ.ക്യാമറയ്ക്ക് പിന്നാലെ നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍.
കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക.എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്.
ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പാകത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ ഇടപെടല്‍കൂടി ഉണ്ടാകുമ്ബോള്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍, മൊബൈല്‍ഫോണ്‍ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. നിലവില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്.
എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് മൊബൈല്‍ ആപ്പിന്റെ സാധ്യത നിര്‍ദേശിച്ചത്. പിഴ ചുമത്തുന്നതിലെ പിഴവുകള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ക്രമീകരണം കേന്ദ്രസര്‍ക്കാരിന്റെ ഇ- ചലാന്‍ വെബ്സൈറ്റില്‍ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇടം പിടിച്ചത്.