സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി.
സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ കോണ്‍ഗ്രസ് സിപി.എമ്മുമായി കൂട്ടുകൂടുകയാണെന്ന് മമത ആരോപിച്ചു. മാള്‍ഡയിലും മുർഷിദാബാദിലും സർക്കാർ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മമത.
“സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നല്‍കില്ലെന്ന് പറഞ്ഞിട്ടുണ്ട്. സി.പി.എം ഞങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സി.പി.എമ്മിനോട് ഞാൻ ക്ഷമിക്കില്ല. അവരെ പിന്തുണക്കുന്നവരോടും” – മമത ബാനർജി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായതറിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചെന്നും സംഭവം നടന്നത് പശ്ചിമ ബംഗാളിലല്ല ബിഹാറിലെ കതിഹാറിലാണ് എന്ന് കണ്ടെത്തിയതായും മമത വ്യക്തമാക്കി. സഖ്യ സാധ്യത തള്ളിക്കളയുകയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ലോക്‌സഭാ സീറ്റുകളിലും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരായ മമത ബാനർജിയുടെ പരാമർശം.
സംസ്ഥാന നിയമ സഭയില്‍ ഒരംഗം പോലുമില്ലാത്ത കോണ്‍ഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ അത് നിരസിച്ച് അവർ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാല്‍ ബി.ജെ.പി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്ന് മമത വ്യക്തമാക്കി.