ഡോക്ടര്‍മാരുടെ സമരം ; രാജ്യത്തെ ആരോഗ്യ മേഖല ഇന്നു സ്തംഭിക്കും

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിനിറങ്ങിയതോടെ രാജ്യത്തെ ആരോഗ്യ മേഖല ഇന്ന് സ്തംഭിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. ആറുമണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ ആറുമണിവരെ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.

പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎ പ്രതിഷേധം. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും ആവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും ഐഎംഎ അറിയിച്ചു.

കെജിഎംഒഎ, കെജിഎംസിടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കും. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസവും സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഡോക്ടര്‍ കൂട്ടത്തോടെ ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റി.

Leave a Reply

Your email address will not be published. Required fields are marked *