ലോക്സഭ തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള സിപിഎമ്മിന്‍റെ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും.
തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ചു പ്രാഥമിക വിലയിരുത്തല്‍ മാത്രമേ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകൂ. പാർട്ടി ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള റിപ്പോർട്ട് അടുത്ത ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനു ലഭിക്കും.
ഈ മാസം 16 മുതല്‍ 20 വരെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിലാകും ഫലത്തെ സംബന്ധിച്ചുള്ള വിശദമായ പരിശോധനയും ചർച്ചയും നടക്കുക. രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട.
രാജ്യസഭയിലേക്കുള്ള പാർട്ടി സ്ഥാനാർഥിയുടെ കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാനാണു സാധ്യത. രണ്ടാമത്തെ സീറ്റ് ആർക്കു നല്‍കണമെന്ന കാര്യത്തില്‍ ഇപ്പോഴും സിപിഎം തീരുമാനമെടുത്തിട്ടില്ല. സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും സീറ്റു വേണമെന്ന നിലപാടിലാണ്.
മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരില്‍ വിജയിച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിയുടെ കാര്യത്തിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തല്‍ നടത്തും.