ആശാ സമരം, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 938.8 കോടി രൂപ നല്‍കിയെന്ന് പറയുന്ന ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് വ്യാജം?, പിന്നില്‍ ബിജെപി ഐടി സെല്ലെന്ന് സംശയം, മാധ്യമങ്ങള്‍ അതേപടി ഏറ്റെടുത്തു

ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരില്‍ പ്രചരിച്ച പത്രക്കുറിപ്പ് വ്യാജമെന്ന സംശയവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്.

ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്ബളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയെന്ന് പറയുന്ന പത്രക്കുറിപ്പ് ആരെങ്കിലും പുറത്തിറക്കിയതായി അറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഈ പത്രക്കുറിപ്പ് വ്യാജമാണെന്ന് അറിയിച്ചു. ഇതോടെ ബിജെപി ഐടി സെല്ലാണ് ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രചരിപ്പിച്ചതെന്നാണ് അഭ്യൂഹം.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയത് 938.8 കോടി.
കേന്ദ്ര സര്‍ക്കാര്‍.’
മുകളില്‍ പറഞ്ഞ വാക്കുകളുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഇത് കൊള്ളാല്ലോ എന്നോര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടിനെപ്പറ്റി പത്രക്കുറിപ്പിറക്കുക എന്നതൊക്കെ അസാധാരണമാണ്. മാതൃഭൂമി ന്യൂസില്‍ അത് പറയുന്നുണ്ടുമുണ്ടായിരുന്നു, ഇത് അസാധാരണ പത്രക്കുറിപ്പാണ് എന്ന്.
മുഴുവന്‍ നോക്കാം എന്ന് വിചാരിച്ചു താഴേക്കു കാണാന്‍ പറ്റുന്ന ഭാഗം വായിച്ചപ്പോള്‍ പത്രക്കുറിപ്പ് മാത്രമല്ല ഭാഷയും അസാധാരണമാണ് എന്ന് മനസിലായി. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.
പ്രെസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ പത്രക്കുറിപ്പുകള്‍ സാധാരണ പത്രപ്രവര്‍ത്തകര്‍ക്ക് കിട്ടാറുണ്ട്; എനിക്കും കിട്ടാറുണ്ട്, പലതും ഞാന്‍ ഒന്നോടിച്ചു നോക്കാറുമുണ്ട്; നമ്മള്‍ അറിയേണ്ട പല കാര്യങ്ങളും അതില്‍ കാണാറുണ്ട്. കാര്യം മോഡി സര്‍ക്കാര്‍, പിണറായി സര്‍ക്കാര്‍ എന്നൊക്കെ നമ്മള്‍ പറയുമെങ്കിലും ഇത്തരം പത്രക്കുറിപ്പുകളില്‍ അതുണ്ടാവാറില്ല. ഗവണ്മെന്റ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് ഓഫ് കേരള എന്നൊക്കെയേ കാണാറുള്ളൂ. ഇതില്‍ ആ ശൈലിയല്ല.
മുഴുവന്‍ വായിക്കാം എന്നോര്‍ത്തു കീ വേര്‍ഡ്സ് വച്ചും വാചകങ്ങള്‍ വച്ചും ഗൂഗിള്‍ ചെയ്തിട്ടും ഇതിന്റെ പൂര്‍ണ്ണരൂപം ഒരിടത്തും ടുഗതെളിഞ്ഞുവന്നില്ല. ചില മലയാള മാധ്യമങ്ങളല്ലാതെ വേറെയാരും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്ര രൂക്ഷമായ ഭാഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് എല്ലാ പത്രങ്ങള്‍ക്കും വാര്‍ത്തയാവണം; പക്ഷെ ഒരിടത്തുമില്ല, വാര്‍ത്താ ഏജന്‍സികള്‍ പോലും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല.
പിന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും വെബ് സൈറ്റുകള്‍ നോക്കി. അവിടെയൊന്നും ഇത്തരമൊരു പത്രക്കുറിപ്പ് കണ്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോടന്വേഷിച്ചു; അവര്‍ക്കും ഇത് കിട്ടിയിട്ടില്ല.
പിന്നെ ഇതിന്റെ പൂര്‍ണ്ണരൂപം സംഘടിപ്പിച്ചു. അതിശയമെന്തെന്നാല്‍ അതിലൊരിടത്തും ഈ പത്രക്കുറിപ്പ് കേന്ദ്ര സര്‍ക്കാരിന്റെയാണ് എന്ന് പറയുന്നില്ല. (താഴെ സ്‌ക്രീന്‍ ഷോട്ട് ഉണ്ട്)
ഈ പത്രക്കുറിപ്പില്‍ പറയുന്ന വസ്തുതകളിലേയ്ക്ക് ഞാന്‍ കടന്നിട്ടില്ല. പത്രക്കുറിപ്പില്‍ ആധികാരികത എങ്ങിനെ ഉറപ്പിക്കാം എന്നാണ് ഞാന്‍ നോക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടു വാര്‍ത്തകള്‍ നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ ഈ പത്രക്കുറിപ്പ് കേന്ദ്ര സര്‍ക്കാരിന്റെയാണ് എന്ന് ആധികാരികമായി പറയാന്‍ കാരണമെന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നാണ് ഈ രംഗത്തു പണിയെടുക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.

വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി!
ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്…
ആരുടേതാണ് കുറിപ്പെന്ന് ഇല്ല!
പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.
അതിലെ ഉള്ളടക്കം ഇപ്രകാരം…
‘ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം’
ചാനലുകളില്‍ രാത്രി ബ്രേക്കിംഗ് ന്യൂസ്!
‘പ്രമുഖ’ പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്…
ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍…
അവര്‍ക്ക് സംശയമില്ല!
‘കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം’
ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും…
ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.
അപ്പോള്‍ പിന്നെ ആരുടേത്?
അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്…
കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ!

Leave a Reply

Your email address will not be published. Required fields are marked *