പൂച്ചെണ്ട് നല്‍കിയ മുഖ്യമന്ത്രിയുടെ മുഖത്ത് പോലും നോക്കിയില്ല; നയ പ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച്‌ ഗവര്‍ണര്‍

സര്‍കാരിനോടുള്ള പ്രതിഷേധം പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15-ാം കേരള നിയമസഭയുടെ 10-ാം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച്‌ ഗവര്‍ണര്‍ സഭയില്‍നിന്ന് പോയി.മുഖ്യമന്ത്രി പൂച്ചെണ്ട് കൊടുത്തപ്പോള്‍ മുഖത്ത് പോലും നോക്കാതിരുന്ന ഗവര്‍ണര്‍ തുടക്കം മുതല്‍ തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് തുടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീകര്‍ എ എന്‍ ശംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പൂച്ചെണ്ട് നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഭാഗം വായിച്ച്‌ അവസാനിപ്പിക്കുകയായിരുന്നു.

ആദരണീയരായ സ്പീകര്‍ക്കും, മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും അഭിവാദ്യമര്‍പിച്ചു കൊണ്ട് തുടങ്ങിയ ഗവര്‍ണര്‍ തുടര്‍ന്ന് നേരിട്ട് അവസാന പാരഗ്രാഫിലേക്ക് കടക്കുകയായിരുന്നു. സര്‍കാരുമായി ഉടക്ക് ആവര്‍ത്തിക്കുന്ന നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ യപ്രഖ്യാപനം വായിക്കാത്തതിലൂടെ പ്രതിഷേധമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ തന്റെ നയ പ്രഖ്യാപനം നിര്‍ത്തിയപ്പോള്‍ സ്പീകര്‍ക്കടക്കം സഭയിലുടനീളം അമ്ബരപ്പും അവിശ്വസനീയതയും തെളിഞ്ഞ് കാണാമായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ ഗാനത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന ഗവര്‍ണര്‍, ദേശീയ ഗാനം തീര്‍ന്നയുടന്‍ സഭ വിടുകയും ചെയ്തു. തുടര്‍ന്ന് നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീകറും ചേര്‍ന്ന് യാത്രയാക്കി.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം പോലും ചോദിക്കാതെ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ആദ്യ കടമ്ബ കടന്നതിന്റെ ആശ്വാസത്തിലാണ് സര്‍കാര്‍. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. മാര്‍ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. അതേസമയം, മാധ്യമങ്ങളോടും ഗവര്‍ണര്‍ പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *