സൂര്യയുടെ മരണ കാരണം അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയതു മൂലമുള്ള ഹൃദയാഘാതമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.

നഴ്സായിരുന്ന സൂര്യ ലണ്ടനിലേക്ക് ജോലിക്കായി പുറപ്പെടുമ്ബോഴായിരുന്നു കുടുംബത്തെ കണ്ണീരിലാഴ്ത്തി മരണമെത്തിയത്.

ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നല്‍കുക.

– അരളി വീണ്ടും വില്ലനാകുന്നു; പത്തനംതിട്ടയില്‍ അരളി തിന്ന് പശുവും കിടാവും ചത്തു

കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഫോണില്‍ സംസാരിച്ചു നടക്കുമ്ബോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്ന് കണ്ടെത്തി.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണ് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. സൂര്യയുടെ മരണത്തില്‍ മറ്റു സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്‌എച്ച്‌ഒ കെ അഭിലാഷ് കുമാർ പറഞ്ഞു. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിനുശേഷം പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നത് നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *