കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു മരണം

കളമശ്ശേരി കുസാറ്റ് കാമ്ബസില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു.

രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. രണ്ടു പെണ്‍കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി മാറ്റും.

വെള്ളിയാഴ്ചയാണ് ടെക് ഫെസ്റ്റ് ‘ധിഷണ’ ആരംഭിച്ചത്. ഇന്ന് സമാപനത്തോടനുബന്ധിച്ച്‌ സ്കൂള്‍ ഓഫ് എൻജിനീയറിങ് കാമ്ബസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് ഗാനമേള സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ ഇവിടെ വലിയ ജനക്കൂട്ടമായി. നിരവധി കാമ്ബസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ എത്തിയിരുന്നു.

ഇതിനിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. താഴേക്ക് പടിക്കെട്ടുകളുള്ള ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികള്‍ മേല്‍ക്കുമേല്‍ വീഴുകയായിരുന്നു. നിലത്തുവീണ പലര്‍ക്കും ചവിട്ടേറ്റു.

ജില്ല കലക്ടര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.

ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി -ആരോഗ്യ മന്ത്രി

കളമശ്ശേരി കുസാറ്റ് കാമ്ബസില്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *