ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ അതിരുവിട്ട മാധ്യമപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയുടെ നിശിത വിമര്‍ശനം.
ഒരു മാധ്യമപ്രവര്‍ത്തകനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തിലാണ് കേരളത്തിലെ ചാനലുകള്‍ കുട്ടിയുടെ വീട്ടില്‍ കയറി ചെയ്തുകൂട്ടിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ സാധൂകരിക്കുന്നു.
കുട്ടിയെ കാണാതായതിന്റെ ഞെട്ടലിലുള്ള മാതാപിതാക്കളെ അവരുടെ സ്വകാര്യതയ്ക്ക് വിടാതെ വീടിനുള്ളില്‍ കയറി ചോദിക്കുന്ന ചോദ്യങ്ങള്‍ മനുഷ്യമനസാക്ഷിയെ അമ്ബരപ്പിക്കുന്നതാണ്. മാന്യതയോ മര്യാദയോ ഒചിത്യമോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തനമാണിത്. ചാനല്‍ റേറ്റിംഗും തന്റേയും മുതലാളിയുടേയും സാമ്ബത്തിക ലാഭവും മാത്രം നോക്കിയുള്ള ഈ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം നടത്തിയാല്‍ നോക്കിയിരിക്കില്ലെന്ന് സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കി.
കുഞ്ഞിനെ കാണാതായ സംഭവം പുറത്തറിഞ്ഞയുടന്‍ ആളുകള്‍ ചാനലുകള്‍ കാണുമെന്നതിനാല്‍ ഏതുവിധേനയും റേറ്റിംഗ് കൂട്ടാന്‍ മാന്യതയ്ക്ക് നിരക്കാത്ത ചോദ്യങ്ങളുമായി ഇവര്‍ കിടപ്പുമുറിയിലേക്ക് കടന്നുകയറുകയാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ അവസരം നല്‍കാതെ കുട്ടിയുടെ അമ്മയ്ക്കുചുറ്റും മൈക്കുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ അടുത്തകാലത്ത് കണ്ട ഏറ്റവും മലീമസമായ കാഴ്ചയായി.
കുട്ടിയുടെ രക്ഷിതാക്കളോട് തുടരെ ചോദ്യങ്ങള്‍ ചോദിച്ചും അവരുടെ സ്വകാര്യത നഷ്ടമാക്കിയും വീടിനുള്ളിലേക്ക് ക്യാമറയും മൈക്കുമായി കടന്നുകയറുന്ന ഇവരെ ആരും തടഞ്ഞില്ലെന്നതും അത്ഭുതപ്പെടുത്തുന്നതാണ്. സംഭവത്തിന്റെ ലൈവ് പ്രക്ഷേപണവും പോലീസ് നീക്കവുമെല്ലാം അപ്പപ്പോള്‍ വാര്‍ത്തയാക്കിയ ചാനലുകള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്തു. എത്രയും വേഗം കേരളത്തില്‍ ഒരു മാധ്യമ പ്രോട്ടോക്കോള്‍ കൊണ്ടുവരണമെന്ന ആവശ്യവും സംഭവത്തോടെ ശക്തമായിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു ഓട്ടുമല കാറ്റാടി റജിഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെ വിടിനടുത്തുനിന്നും ഒരുസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ ഓടിരക്ഷപ്പെട്ടു. പ്രതികളെന്ന് കരുതുന്നവര്‍ രാത്രിയോടെ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് പോലീസ്.