സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത പോലീസുകാരന് സസ്പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ.
ഉമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കാർ പിടിച്ചെടുത്ത ഉമേഷ് ഇരുപതുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് ആരോപണം.
സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത് സി.പി.ഒ. ഉമേഷ് തന്റെ ക്വാർട്ടേഴ്സില്‍ കൊണ്ടുപോയി ഇടുകയായിരുന്നു. പിന്നീട് ഇരുപതുകാരനെ മർദിച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പണം അടപ്പിക്കാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ചേരാനെല്ലൂർ സി.ഐ. നോർത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ ഇരുപതുകാരനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.