ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കിഫ്‌ബി മസാല ബോണ്ട് കേസില്‍ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി പിടി മുറുക്കിയത് കേരളത്തിലെ സി.പി.എമ്മില്‍ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനായി തോമസ് ഐസക്കിൻ്റെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ആശയ ങ്ങളിലൊന്നായിരുന്നു കിഫ്ബി മസാല ബോണ്ടിലൂടെ വിദേശ സ്റ്റോക്ക്മാർക്കറ്റില്‍ നിന്നുള്ള ഫണ്ട് ശേഖരണം.
ആ സമയത്തു തന്നെ ഇടതു സർക്കാരിന് ചേർന്ന പരിപാടിയല്ലിതെന്ന് പാർട്ടിക്കകത്തും പുറത്തും ആരോപണമുയർന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പദ്ധതിയുമായി മുൻപോട്ടു പോവുകയായിരുന്നു. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനമന്ത്രിയുമായ തോമസ് ഐസക്കും ഉദ്യോഗസ്ഥ പരിവാരങ്ങളുമായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് സന്ദർശിച്ചിരുന്നു.
എന്നാലിപ്പോള്‍ കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചതില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രംഗത്തുവന്നത് പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയുടെ നടുക്കടലില്‍ നിർത്തിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് നല്‍കിയ മറുപടി ഇഡി തള്ളിയതോടെയാണ് പ്രതിസന്ധി മുർച്ഛിച്ചത്. മസാല ബോണ്ട് ഇറക്കിയതില്‍ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കിഫ്‌ബിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ല. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി.
കിഫ്‌ബി ഡയക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സും മാധ്യമങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. കിഫ്ബി വഴി നടത്തിയ പണമിടപാടുകള്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഡയറക്ടറേറ്റായിരുന്നുവെന്നും അതില്‍ അംഗമെന്ന പങ്കേയുള്ളുവെന്നാണ് കഴിഞ്ഞ ദിവസം തൻ്റെ ഫേസ്‌ബുക്ക് പേജിലുടെ തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നത് എന്നാല്‍ പാർട്ടിയോ മുഖ്യമന്ത്രിയോ ഇതിനോട് പ്രതികരിക്കാത്തത് എല്ലാത്തിനും ഉത്തരവാദി തോമസ് ഐസക്ക് എന്ന മുൻ ധനകാര്യ മന്ത്രിയാണെന്ന പ്രതീതി സൃഷ്ടിച്ചു. ഈ കാര്യത്തില്‍ സ്വയം പ്രതിരോധം തീർത്ത് മുൻപോട്ട് പോകേണ്ട അവസ്ഥയിലാണ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക്ക്.